ആവര്‍ത്തിച്ചുള്ള ഭക്ഷണം
കെറിയും പോളും വിവാഹിതരായപ്പോള്‍ ഇരുവര്‍ക്കും പാചകം അറിയില്ലായിരുന്നു. എങ്കിലും ഒരു വൈകിട്ട് സ്പഗേറ്റി ഉണ്ടാക്കുന്നത് ഒന്നു പരീക്ഷിക്കാമെന്ന് കെറി തീരുമാനിച്ചു - ഉണ്ടാക്കിവന്നപ്പോള്‍ അളവു കൂടിപ്പോയതുകൊണ്ട് പിറ്റേന്നും അതുതന്നെ കഴിക്കേണ്ടിവന്നു. മൂന്നാം ദിവസം പോള്‍ പാചകത്തിനു തയ്യാറായി, ഒരു വലിയ കലം നിറയെ പാസ്റ്റായും സോസും ഉണ്ടാക്കി. അത് ആ വാരാന്ത്യം മുഴുവനും ഭക്ഷിക്കാനുള്ളതുണ്ടായിരുന്നു. അന്നു വൈകിട്ട് ദമ്പതികള്‍ ഭക്ഷണത്തിനിരുന്നപ്പോള്‍, കെറി ഏറ്റുപറഞ്ഞു, 'എനിക്കു സ്പഗേറ്റി മടുത്തു.'
യിസ്രായേല്യരെപ്പോലെ ഒരേ ഭക്ഷണം തന്നെ - നാല്പതു വര്‍ഷം - ഭക്ഷിക്കുന്നത് സങ്കല്പ്പിച്ചു നോക്കൂ. ഓരോ പ്രഭാതത്തിലും അവര്‍ ദൈവം കൊടുത്ത മധുരമുള്ള 'സൂപ്പര്‍ ഭക്ഷണം' ശേഖരിച്ച് പാകം ചെയ്തു (അടുത്ത ദിവസം ശബ്ബത്ത് അല്ലെങ്കില്‍ ഒട്ടും ബാക്കി വരില്ലായിരുന്നു, പുറപ്പാട് 16:23-26). അവര്‍ ഭാവനപൂര്‍ണ്ണമായിട്ടാണ് അതുണ്ടാക്കിയിരുന്നത് -ചിലപ്പോള്‍ ബേക്ക് ചെയ്തു, ചിലപ്പോള്‍ പുഴുങ്ങി (വാ. 23). എങ്കിലും മിസ്രയീമില്‍വെച്ച് അവര്‍ ആസ്വദിച്ചിരുന്ന നല്ല ഭക്ഷണത്തിന്റെ ഓര്‍മ്മ അവരെ അലട്ടി (വാ. 3, സംഖ്യാപുസ്തകം 11:1-9) -ആ പോഷകസമൃദ്ധമായ ഭക്ഷണത്തിന് അവര്‍ കൊടുക്കേണ്ടി വന്ന വില ക്രൂരപീഡനവും അടിമത്തവും ആയിരുന്നെങ്കില്‍ പോലും.
നാമും ചിലപ്പോഴൊക്കെ നമ്മുടെ ജീവിതം മുമ്പ് ആയിരുന്നതുപോലെ അല്ല ഇപ്പോള്‍ എന്നു നീരസപ്പെടാറുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ ജീവിതത്തിന്റെ ഒരുപോലെ തുടരുന്ന അവസ്ഥ നമ്മില്‍ അസംതൃപ്തി ഉളവാക്കാറുണ്ട്. എന്നാല്‍ യിസ്രായേലിനുവേണ്ടിയുള്ള ദൈവത്തിന്റെ വിശ്വസ്തമായ കരുതല്‍, ഓരോ ദിവസവും അവന്റെ കരുതലില്‍ വിശ്വസിക്കുവാനും ആശ്രയിക്കുവാനും അവരെ ഇടയാക്കി എന്ന് പുറപ്പാട് 16 നമ്മോടു പറയുന്നു.
നമുക്കാവശ്യമുള്ളതെല്ലാം നമുക്കു നല്‍കാമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. അവന് നമ്മുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയും നമ്മുടെ ആത്മാക്കളെ നന്മകളാല് നിറയ്ക്കുകയും ചെയ്യുന്നു (സങ്കീര്‍ത്തനം 107:9).